വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളെ അയച്ച് നാസ. ഫ്ളോറിഡയിലെ കേപ് കാനവറൽ സ്പേസ് സ്റ്റേഷനിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണു ബഹിരാകാശ യാത്രികരുടെ യാത്ര.
ഇന്ന് പ്രണയദിനത്തിൽ വൈകുന്നേരം 3.15ന് ഇവർ ബഹിരാകാശ നിലയത്തിലെത്തും. പ്രതികൂല കാലാവസ്ഥ കാരണം നിരവധി തവണ മാറ്റിവച്ചതിനു ശേഷമാണ് ഇന്നലെ വിക്ഷേപണം നടത്തിയത്.
നാസയിലെ ജെസീക്ക മെയർ (കമാൻഡർ), ജാക്ക് ഹാത്ത്വേ (പൈലറ്റ്), റഷ്യൻ ബഹിരാകാശയാത്രിക ആൻഡ്രി ഫദ്യേവ് , ഫ്രഞ്ച് സ്വദേശിയായ സോഫി അഡെനോട്ട് എന്നി വരാണ് സംഘത്തിലുള്ളത്. ജനുവരിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ മടങ്ങിയവർക്ക് പകരക്കാരായാണ് ഇവർ നിലയത്തിലേക്കു പോകുന്നത്.
നിലവിൽ മൂന്ന് പേർ മാത്രമാണു നിലയത്തിലുള്ളത്. ഭാവിയിലെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്കായുള്ള ഗവേഷണത്തിനു സഹായിക്കുന്ന നിരവധി പരീക്ഷണങ്ങൾ അവർ നടത്തും. എട്ടു മാസത്തിനു ശേഷം ബഹിരാകാശ യാത്രികർ മടങ്ങും.